
കൊലപാതക ക്കേസിൽ വിചാരണക്കാലയളവിലെ ജയിൽവാസം നയിക്കവേ ജാമ്യത്തിലിറങ്ങിയ പ്രതി ചെന്താമര നടത്തിയ ഇരട്ടക്കൊലപാതകം സമകാലികകേരളത്തിന്റെ നീതിന്യായസംവിധാനങ്ങളുടെ സ്ഥിതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.സമയബന്ധിതമായി വിചാരണ പൂർത്തിയാക്കിയിരുന്നെങ്കിൽ ഒരു പക്ഷേ രണ്ടുപേരുടെ ജീവൻ നഷ്ടമാകുമായിരുന്നില്ല. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദാവേ അഭിപ്രായപ്പെടുന്നതിങ്ങനെയാണ് : 'നമ്മുടെ നീതിന്യായ സംവിധാനം തകരുന്നു എന്നതല്ല, തകർന്നു എന്നു വേണം കരുതാൻ. ഏതാണ്ട് 5.2 കോടി കേസുകൾ നമ്മുടെ കോടതികളിൽ കെട്ടിക്കിടക്കുന്നു, നമ്മുടെ കാലത്തോ, എന്തിന് നൂറുകൊല്ലെമങ്കിലോ ഇവകളിൽ തീർപ്പെന്നത് അസാദ്ധ്യമാണ്.'
നമ്മുടെ നീതിന്യായസംവിധാനത്തിന്റെ ദയനീയസ്ഥിതി പരിശോധിക്കാം. കേരളത്തിൽ മാത്രം 12 ലക്ഷം കേസുകൾ തീർപ്പാകാതെയുണ്ട്. ഒരു വർഷം പഴക്കമുള്ള 3 ലക്ഷം കേസുകൾ , ഒന്നിനും മൂന്നിനും ഇടയിൽ പഴക്കമുള്ളവ ഏതാണ്ട് 3 ലക്ഷം, മൂന്നിനും അഞ്ചിനുമിടയിൽ പഴക്കമുള്ളവ 2 ലക്ഷം, അഞ്ചിനും പത്തിനും ഇടയിൽ പഴക്കമുള്ളവ ഏതാണ്ട് 3 ലക്ഷം. ഇതിൽ ഏറ്റവും അപലപനീയം പത്തുവർഷത്തിനു മേൽ പഴക്കമുള്ളത് ഇരുപതിനായിരം കേസുകളുണ്ട്് എന്നതാണ്. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് എന്തുകൊണ്ടാണ് നമ്മുടെ നീതിനിർവ്വഹണസംവിധാനത്തിലും മാറ്റങ്ങൾ ഉണ്ടാകാത്തത് എന്ന് ഏറെ ചിന്തിക്കേണ്ട വസ്തുതയാണ്. ഏതു പരിഷ്‌കൃതസമൂഹത്തിലാണ് നീതിക്കായി പത്തുവർഷത്തിലേറെ കാത്തുനിൽക്കേണ്ടിവരുന്നത്. നമ്മുടെ രാഷ്ട്രീയ നേതൃത്വം നീതിന്യായ സംവിധാനത്തെ അവഗണിച്ച് അതിന്റെ ആസന്നമായ മരണത്തിലേക്ക് നയിച്ചിരിക്കുന്നു.
ഇംഗ്ലണ്ടിലും വേൽസിലും 2023 ൽ ലഭിച്ച 1.37 മില്യൻ കേസുകളിൽ മജിസ്‌ട്രേറ്റ് കോടതികൾ 1.34 മില്യൻ കേസുകളിലും തീർപ്പുകൽപ്പിച്ചു. ഇതേവർഷം ക്രൗൺ കോർട്ടിൽ 105000 കേസുകളിൽ 99000 കേസുകളിലും വിചാരണ പൂർത്തിയാക്കി. 2023 ൽ ഇംഗ്ലണ്ടിലെ ഉന്നത നീതിപീഠത്തിനു തീർപ്പാകാനാകാത്ത 68000 കേസുകൾ അവശേഷിച്ചപ്പോൾ കേരളത്തിൽ മാത്രം തീർപ്പാകാതെ അവശേഷിച്ചത് (0- 1 വർഷം വരെ) 3 ലക്ഷം കേസുകളാണ്. ആളോഹരി കണക്കിൽ ജഡ്ജിമാരുടെ എണ്ണം ഏറ്റവും കുറവുള്ള രാജ്യം ഇന്ത്യയാകും.
1987 ലെ നിയമകമ്മീഷൻ കണക്കുകൾ പ്രകാരം ഒരു മില്യൻ ഭാരത പൗരന്മാർക്ക് 50 ജഡ്ജിമാർ ആവശ്യമാണ്. ഈ പൗര-ജഡ്ജി അനുപാതം ബ്രിട്ടണിൽ അറുപത്തിരണ്ടും. നിയമമന്ത്രി 2023 ഡിസംബറിൽ നടത്തിയ ഒരു പ്രസ്താവന ഈ സാഹചര്യത്തിൽ രസകരമായി കൂട്ടിവായിക്കാവുന്നതാണ്. 1987 ലെ ശുപാർശയനുസരിച്ച് 50 : ഒരു മില്യനാണ്. അഭികാമ്യമെങ്കിലും, ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് അനുപാതം 21 : ഒരു മില്യനാണ് സമയബന്ധിതമായ വിധിന്യായങ്ങൾ ഇല്ലാതെ എങ്ങനെയാണ് ഒരു സമൂഹത്തിന് മുന്നിലേക്ക് ചലിക്കാനാവുക. പോലീസ് നടപടികളിലെ നവീകരണത്തിനുള്ള കാലം ഏറെ കടന്നു പോയിരിക്കുന്നു. പുതിയ നിയമഭേദഗതികൾ ഒട്ടും ആശാവഹവുമല്ല. കോപ്പിയടി കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും കുറ്റകരമായതുപോലെ പാർലമെന്റിലും കുറ്റകരമായിരുന്നുവെങ്കിൽ പഴയ നിയമങ്ങൾ 95 ശതമാനത്തോളവും കോപ്പിയടിച്ച് അതേപടി പേരുമാറ്റി പുതിയതായി കൊണ്ടുവരുന്ന ഈ പാർലമെന്റിലെ നേതാക്കന്മാർ എല്ലാം പാർലമെന്റിൽ നിന്നും പുറത്താക്കപ്പെട്ടേനെ, കോപ്പിയടി കാരണം.
സമൂഹത്തിലെ മാറ്റത്തിനനുസരിച്ചാണ് നിയമനിർമ്മാണങ്ങൾ ഉണ്ടാവേണ്ടത്. അല്ലാതെ പഴയ നിയമങ്ങൾ, ബ്രിട്ടീഷ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി ബ്രിട്ടീഷുകാർ ഉണ്ടാക്കിയ നിയമം അതേപടി 95 ശതമാനത്തോളവും കോപ്പിയടിച്ച് പേരുമാറ്റി പുതിയ നിയമമായി അവതരിപ്പിച്ചാൽ മാറിയ സമൂഹത്തിന്റെ നന്മയ്ക്ക് യാതൊരു ഗുണവും ഉണ്ടാവുകയില്ല.
ഈ പ്രശ്‌നത്തിന്റെ കാതൽ പോലീസിംഗ് അന്വേഷണ സംവിധാനങ്ങളിലാണ്. ബ്രിട്ടണിൽ പോലീസ് അന്വേഷണത്തിന്റെ സമയത്ത് കുറ്റവാളിയുടെ ചോദ്യംചെയ്യലിന് മുമ്പോ അത് നടക്കുമ്പോഴോ തന്നെ അഭിഭാഷകന്റെ സഹായം ഉറപ്പാക്കുന്നു. പ്രതിക്കെതിരെ ഉള്ള ആരോപണത്തിന്റെ ഇൻഫർമേഷനും, തെളിവുകളും അഭിഭാഷകന് പോലീസ് ഉദ്യോഗസ്ഥൻ കൈമാറുകയും അതിനുശേഷം കുറ്റാരോപിതനുമായി അഭിഭാഷകൻ രഹസ്യമായി മറ്റാരും കേൾക്കാതെ സംസാരിക്കുകയും ആരോപണങ്ങൾ തന്റെ കക്ഷിയെ ബോധിപ്പിക്കുകയും തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിന്റെ സ്‌ട്രെംഗ്ത് പ്രതിയെ പഠിപ്പിക്കുകയും, അതുവഴി നിയമോപദേശം നൽകുകയും ചെയ്യുന്നു. അതിനുശേഷം പോലീസ് മൊഴിയെടുക്കുന്ന സമയത്ത് ഈ മൊഴി മുഴുവൻ റെക്കോർഡ് ചെയ്യപ്പെടുകയും, അഭിഭാഷകൻ പ്രസ്തുത മൊഴിയെടുക്കൽ സമയത്ത് സന്നിഹിതരായിരിക്കുകയും, പോലീസിന്റെ ഭീഷണിപ്പെടുത്തലോ അനാവശ്യമായതോ പേടിപ്പിക്കുന്ന തരത്തിലുള്ള ക്വസ്റ്റ്യൻ ചെയ്യുകയോ ചെയ്താൽ അതിനെ എതിർക്കുകയും ചലഞ്ച് ചെയ്യുകയും വേണ്ടിവന്നാൽ ഇൻസ്‌പെക്ടറെ വിളിക്കുകയും ഇന്റർവ്യൂ നിർത്തലാക്കുകയും ചെയ്യാൻ വരെയുള്ളത് അഭിഭാഷകന്റെ നിയമപരമായ ബാധ്യതയാണ്.
ഈ ഇന്റർവ്യൂ ബ്രിട്ടണിലെ കോടതികളിൽ ഇന്ത്യയിലേതിൽ നിന്ന് വിഭിന്നമായി അഡ്മിസബിൾ ആണ്. കൊളോണിയൽ കാലത്ത് ഇന്ത്യയിലെ ബ്രിട്ടീഷ്‌രാജിന് കീഴിൽ ഒരു ഇന്ത്യൻ ഓഫീസർ രേഖപ്പെടുത്തുന്ന മൊഴിയിന്മേലുള്ള വിശ്വാസരാഹിത്യമാണ് ഇന്ത്യയിൽ ഒരു സമസ്യ ഉണ്ടാക്കിത്തീർത്തത്. കഷ്ടമെന്നുപറയട്ടെ ഈ വിക്ടോറിയൻ രീതികളെ പൂർണമായും ബിട്ടൺ പിൻവലിച്ചപ്പോഴും ഏറെ അഭിമാനത്തോടെ ഇന്ത്യ ഇതിനെ ഉയർത്തിപ്പിടിക്കുന്നു.
ബ്രിട്ടണിൽ മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണാനന്തരം എത്തുന്ന കേസിൽ, പോലീസിന് മുമ്പായി കൊടുത്ത മൊഴി ഒന്നൊഴിയാതെ അംഗീകരിക്കേണ്ടിവരും.
എന്നാൽ ഇന്ത്യയിൽ പോലീസ് സ്റ്റേഷനിൽ പ്രതി രേഖപ്പെടുത്തിയ മൊഴി കോടതിക്ക് മുൻപിൽ സാധുവല്ല എന്നിരിക്കെ, കോടതിയിൽ വച്ച് കുറ്റാന്വേഷണം പുനരാരംഭിക്കുകയാണ് പതിവ്. കോടതികളുടെ ഉത്തരവാദിത്വമല്ല കുറ്റാന്വേഷണം (CRPC 164/BNSS 83).
എന്നാൽ പോലീസ് അന്വേഷണത്തിൽ പ്രതിക്ക് തൃപ്തിയില്ലെന്നാകിൽ, ഇതിനെ വിചാരണവേളയിൽ ചോദ്യം ചെയ്യാവുന്നതാണ്.
ഇംഗ്ലണ്ടിലും വേൽസിലും കേസ് രജിസ്റ്റർ ചെയ്യുന്നതിനും പ്രതി ചേർക്കുന്നതിനുമിടയിൽ 129 ദിവസങ്ങളും, പ്രതിചേർക്കലിനും കോടതിയിൽ ലിസ്റ്റിംഗിനുമിടയിൽ 32 ദിവസങ്ങളുമാണ് ശരാശരി ഉള്ളത്. ഇപ്രകാരം ഒരു കേസ് രജിസ്റ്റർ ചെയ്ത് കോടതിനടപടി ഏതാണ്ട് 182 ദിവസങ്ങളാണ് ബ്രിട്ടണിൽ ഉണ്ടാവുക. ശ്രദ്ധിക്കപ്പെടേണ്ട വസ്തുത എന്തെന്നാൽ ചെന്താമരക്കേസിൽ വിചാരണക്കായിമാത്രം കാത്തിരിക്കേണ്ടിവന്നത് 1800 ദിവസങ്ങളാണ്. ബ്രിട്ടണിൽ 75% കേസുകളിലും വിചാരണ ആദ്യ ഹിയറിംഗിൽ തന്നെ പൂർത്തിയാക്കപ്പെടുന്നു. ഇതിനുകാരണം ഒന്നുമാത്രമേയുള്ളൂ. അന്വേഷണം നടത്തുന്നത് പോലീസാണ് കോടതികൾ അല്ല.
ഇന്ത്യൻ നീതിന്യായ സംവിധാനത്തിലെ സമൂലമായ പരിഷ്‌കരണത്തിനുള്ള ഏകപോംവഴി അന്വേഷണം പൂർത്തിയാകുന്നതിനു ശേഷം മാത്രം കോടതികൾ ഇടപെടുക എന്നതാണ്. മറ്റൊന്ന് സൈനിക സേവനത്തിൽ നിന്ന് വിരമിച്ചവരെ നിയമപരിജ്ഞാനം നൽകി ജഡ്ജിമാരായി നിയമിക്കുക എന്നതാണ്. ഇവരോടൊപ്പം നിയമോപദേഷ്ടാക്കളെയും നിയമിക്കുക. ഇതിലൂടെ പരമാവധി കുറഞ്ഞ ചെലവിൽ നീതിനിയമസംവിധാനത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാനാവൂ. ഗവൺമെന്റ് നിയമിക്കുന്ന വിദഗ്ധനായ ഒരു അഭിഭാഷകനൊപ്പം മൂന്ന് മുതൽ ആറ് മജിസ്‌ട്രേറ്റുമാരുടെ ഒരു ലോ ബെഞ്ച് സ്ഥാപിക്കുകവഴി ഒരു സങ്കീർണമായ സമസ്യയിൽ നിന്ന് ഒരു പരിധിവരെ രക്ഷപ്പെട്ട നീതിന്യായ സംവിധാനത്തിന്മേലുള്ള വിശ്വാസം വീണ്ടെടുക്കുവാനാകും.
(ലേഖകൻ അഡ്വക്കേറ്റ് സോളിസിറ്ററും, കേംബ്രിഡ്ജ് മേയറുമാണ്)











